സഹതാപ തരംഗം വോട്ടാകും; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്
ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉടന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ധാരണയായിട്ടുണ്ട്. സഹതാപ തരംഗം വോട്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ ശക്തമായ വികാരം പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ട്. ആ വികാരം വോട്ടാകണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമെടുക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ആള്‍ കൂടിയാണ് ചാണ്ടി ഉമ്മന്‍. അതുകൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാകാന്‍ ചാണ്ടി ഉമ്മന് സാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
ജെയ്‌സ് സി തോമസ് തന്നെയായിരിക്കും പുതുപ്പള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. 2021 ല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചത് ജെയ്ക് തന്നെയായിരുന്നു. 2016 ല്‍ പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ ഭൂരിപക്ഷം 27,092 ആണ്. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 8,990 ആയി കുറഞ്ഞു. പുതുപ്പള്ളി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്.