കൊച്ചിയിൽ ഐഎൻഎൽ യോഗത്തിനിടെ തമ്മിൽ തല്ല്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. യോഗം പിരിച്ചുവിട്ടതായി ഐഎൻഎൽ പ്രസിഡന്‍റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെ ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ അബ്ദുള്‍ വഹാബ് അടക്കമുള്ള നേതാക്കൾ ഹോട്ടലിൽ നിന്നും ഇറങ്ങിപോയി.
സംഘർഷത്തെ തുടർന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ യോഗത്തില്‍ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. പാർട്ടി പ്രതിരോധത്തിലായ പിഎസ്‌സി അംഗത്വ വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്ന് നേതൃയോഗം ചേര്‍ന്നത്.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധവും പരാമർശവുമാണ് സംഘർഷത്തിലേക്ക് കലാശിച്ചത്. സെക്രട്ടേറിയേറ്റ് യോഗം പിരിച്ചുവിട്ട് ഒരു വിഭാഗം നേതാക്കള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാസിമിനെ അനുകൂലിക്കുന്ന ആളുകളും പ്രതികൂലിക്കുന്ന ആളുകളും തെരുവിൽ തല്ലുന്ന സാഹചര്യമായി. വലിയ പോലീസ് സന്നാഹം ഇടപ്പെട്ടാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്.