യുവതികളെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചവരില്‍ ഇടനിലക്കാരനും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍
ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ചത് യുവവ്യവസായിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണ കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഗര്‍ഭഛിദ്രത്തിന് ഇടനിലക്കാരനും പ്രേരിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ചത് യുവവ്യവസായിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മൈഫെപ്രിസ്റ്റോള്‍, മിസോപ്രോസ്റ്റോള്‍ ഗുളികകളാണ് വ്യവസായി കൈമാറിയത്. അശാസ്ത്രീയമായിട്ടുള്ള ഗര്‍ഭഛിദ്രം നടന്നത് നാലാം മാസമെന്നാണ് കണ്ടെത്തല്‍. ഇടനിലക്കാരനായ വ്യവസായി യുവതികളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായും ക്രൈം ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.
വ്യവസായി യുവതിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്ന തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. പത്തനംതിട്ട സ്വദേശിയായ യുവവ്യവസായി ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.
പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുലിനെതിരെ അന്വേഷണം. സ്ത്രീകളെ ഭീഷണിപ്പെടുത്തി, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
രാഹുലിനെതിരെ പത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരാണ് രാഹുലിന്റെ പീഡനത്തിന് ഇരയായത്. ഇവരെ നിര്‍ബന്ധിച്ചു ഗര്‍ഭചിദ്രം നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.