മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95; മഴ തുടരുമെന്ന് മുന്നറിയിപ്പ് -​ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ചൊവ്വ, 13 ഓഗസ്റ്റ് 2019 (20:38 IST)
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ശനിയാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

രണ്ട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും.

ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം നാളെ വടക്കൻജില്ലകളിൽ മഴയുടെ ശക്തി കൂടും. വെളളിയാഴ്ചയോടെ മഴ ദുർബലമാകും.

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.  

വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾക്കും അവധി ബാധകമാണ്‌. അതേസമയം, യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ മരണം: സെംഗാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി