Publish Date: Mon, 12 Aug 2019 (20:32 IST)
Updated Date: Mon, 12 Aug 2019 (20:33 IST)
സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 83 ആയി. മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി.
കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് മഴ കുറഞ്ഞു. നാളെയും ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
ആലപ്പുഴ, എറണാകുളം, ഇടുക്കി മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല.
വെള്ളം പൊങ്ങിയ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വീടുകളില്‍ തിരിച്ചെത്തിയവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രധാന റോഡുകളില്‍ ഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃരാരംഭിച്ചു.