‘രാഖിക്ക് എന്നേക്കാൾ 5 വയസിനു പ്രായക്കൂടുതലുണ്ട്. അവൾ പിന്മാറാതെ എന്റെ പിന്നാലെ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കുകയായിരുന്നു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ അത് നേരത്തേ ആകാമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽ പോയി കിടക്കേണ്ട ആവശ്യം എനിക്കില്ല. ജൂൺ 21നു രാഖിയെ കണ്ടിരുന്നു’ - തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് രാഖി കൊലക്കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഖിൽ പറഞ്ഞ വാക്കുകളാണിത്.
ആമ്പൂരിനെ ഞെട്ടലിലാക്കിയ രാഖി കൊലക്കേസിൽ പങ്കില്ലെന്നാണ് അഖിൽ പറയുന്നത്. ലഡാക്കിലെ സൈനിക താവളത്തിലാണ് ഇപ്പോഴുള്ളതെന്നും ലീവെടുത്ത് നാട്ടിൽ വന്ന് പൊലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്നും അഖിൽ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അഖിലും സഹോദരൻ രാഹുലും ചേർന്ന് രാഖിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സുഹൃത്തും അയൽവാസിയുമായ ആദർശ് പൊലീസിനു മൊഴി നൽകി കഴിഞ്ഞു. രാഖിയെ കഴുത്തു ഞെരിച്ചു കൊന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കും.