തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികളുടെ ആശങ്ക ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രതികരണം വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. ശബരിമലയിലെ പ്രശ്നങ്ങൾ വഷളാക്കുന്നത് മുഖ്യമന്ത്രിയുടെ തിടുക്കവും പിടിവാശിയുമാണ്. മുണ്ടിന്റെ കൊന്തലയിൽ താക്കോൽകൂട്ടം കെട്ടി നടക്കുന്ന ആളാണ് തന്ത്രി എന്ന് മുഖ്യമന്ത്രി ധരിക്കരുത്. പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനാണ് തന്ത്രി.
ആചാരങ്ങൾ ലംഘിച്ചാൽ നട അടച്ച് താക്കോൽ ദേവസ്വം ബോർഡിനെ ഏൽപ്പിക്കും എന്നാണ് തന്ത്രി പറഞ്ഞത്. തന്ത്രിക്ക് അതിന് അധികാരമുണ്ടെന്ന് പല സുപ്രീം കോടതി വിധികളിൽനിന്നുതന്നെ വ്യക്തമാണ്. എല്ലാ ദിവസവും ദേവസ്വം പ്രസിഡന്റിനെ മുഖ്യമന്ത്രി മുക്കാലിയിൽ അടിക്കുകയാണ്. ഓരോ ദിവസവും ഓരോ നിലപാടാണ് ബോർഡ് സ്വീകരിക്കുന്നത്. ഈ ബോർഡ് പിരിച്ചുവിടുകയാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.
ബാർ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ മാസങ്ങൾ എടുത്തെങ്കിൽ ശബരിമല വിഷയത്തിൽ വിധിയുടെ കോപ്പി കിട്ടുന്നതിന് മുൻപേ നടപ്പാക്കാൻ സർക്കാർ ഇറങ്ങിത്തിരിച്ചു. മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം നടത്താനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.