വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !
ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുമ്പോൾ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വഴുതയ്ക്കാടുള്ള വീട്ടിലായിരുന്നു
Publish Date: Thu, 14 May 2026 (18:25 IST)
Updated Date: Thu, 14 May 2026 (18:26 IST)
മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിൽ ഇടഞ്ഞ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ തന്നെ തഴഞ്ഞെന്നാണ് ചെന്നിത്തലയുടെ പരിഭവം. ഇക്കാര്യം ദേശീയ നേതൃത്വത്തെ ചെന്നിത്തല അറിയിക്കും.
ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപനം നടക്കുമ്പോൾ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വഴുതയ്ക്കാടുള്ള വീട്ടിലായിരുന്നു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ വീടിന്റെ പുറകുവശത്തെ വാതിലിലൂടെ ഇറങ്ങി ചെന്നിത്തല സ്ഥലംവിട്ടു.
വീട്ടിൽ കാത്തുനിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകരോടു ചെന്നിത്തല സംസാരിച്ചില്ല. വീട്ടിലുണ്ടായിരുന്ന നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാലയാണ് പുറത്തിറങ്ങിവന്ന് രമേശ് വീട്ടിലില്ലെന്ന് അറിയിച്ചത്. 'ചെന്നിത്തല വീടിന്റെ പിൻഭാഗത്തുകൂടി പുറത്തേക്ക് പോയല്ലോ' എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ' അദ്ദേഹം ആ വഴിയും ഉപയോഗിക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടല്ലേ ഇത്,' എന്നായിരുന്നു ചാമക്കാലയുടെ മറുപടി.
സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ആറ് മണിക്കൂർ പിന്നിട്ടിട്ടും ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ പോലും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്ന കെ.സി.വേണുഗോപാൽ പോലും സതീശനെ അഭിനന്ദിച്ചു. എന്നിട്ടും സതീശനെ അഭിനന്ദിക്കാൻ ചെന്നിത്തല തയ്യാറാകാത്തത് കടുത്ത നിരാശയിലാണെന്നതിന്റെ സൂചനയാണ്.