നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സര്‍ക്കാരിനെതിരെ പട നയിച്ച ചെന്നിത്തല തിരഞ്ഞെടുപ്പില്‍ ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് പറയുമ്പോഴും ചെന്നിത്തല പ്രതിരോധത്തിലാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തല മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന ചെന്നിത്തല തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നിശബ്ദനാണ്. ഇടയ്ക്കിടെ വാര്‍ത്താസമ്മേളനം വിളിക്കാറുള്ള ചെന്നിത്തല ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടിതരാതെ നടക്കുകയാണ്. ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവ് ആകുമോ എന്ന കാര്യത്തിലും സംശയമാണ്.
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ ചെന്നിത്തലയ്ക്ക് ആഗ്രഹമുണ്ട്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ ചെന്നിത്തല തയ്യാറാകൂ. മുതിര്‍ന്ന നേതാവ് ആയതിനാല്‍ ഹൈക്കമാന്‍ഡ് ചെന്നിത്തലയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടില്ല. മറിച്ച് സ്വന്തം താല്‍പര്യത്തിനനുസരിച്ച് ചെന്നിത്തല മാറിനില്‍ക്കുകയാണെങ്കില്‍ ഹൈക്കമാന്‍ഡ് അത് അംഗീകരിക്കുകയും ചെയ്യും.
പ്രതിപക്ഷ നേതാവ് സ്ഥാനം തന്നില്‍ നിന്നു പോകുമോ എന്ന പേടിയും ആശങ്കയും ചെന്നിത്തലയ്ക്കുണ്ട്. വി.ഡി.സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് എത്തിയാല്‍ അത് ചെന്നിത്തലയുടെ രാഷ്ട്രീയഭാവിക്ക് തന്നെ വെല്ലുവിളിയാകും. അടുത്ത തവണ ഭരണം ലഭിച്ചാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ആകുന്നയാള്‍ മുഖ്യമന്ത്രിയാകും. അതുകൊണ്ടാണ് ഇത്തവണ പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുനല്‍കാന്‍ ചെന്നിത്തല തയ്യാറാകാത്തത്. മാത്രമല്ല വി.ഡീ.സതീശന്‍ പ്രതിപക്ഷ നേതാവ് ആകണമെന്നാണ് എംഎല്‍എമാരില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നത്. യുവ നേതാക്കളുടെ പിന്തുണയും സതീശനാണ്. തിരുവഞ്ചൂരിനെ മുന്നില്‍നിര്‍ത്തിയാണ് എ ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നത്. ഉമ്മന്‍ചാണ്ടിയാണ് എ ഗ്രൂപ്പിനായി തന്ത്രങ്ങള്‍ മെനയുന്നത്. തനിക്കിനി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാം. അതുകൊണ്ട് ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് തനിക്ക് വിശ്വസ്തനായ തിരുവഞ്ചൂരിനെ കൊണ്ടുവരാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ വി.ഡി.സതീശനോ പ്രതിപക്ഷ നേതാവ് ആയാല്‍ അടുത്ത തവണ യുഡിഎഫ് ഭരണത്തിലേറിയാല്‍ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കില്ല. ഇതോടെ മുഖ്യമന്ത്രിയാകുക എന്ന ചെന്നിത്തലയുടെ മോഹത്തിനു എക്കാലത്തേയ്ക്കുമായി തിരിച്ചടി കിട്ടും. ചെന്നിത്തല ഭയപ്പെടുന്നതും ഇതാണ്.
മറുവശത്ത് ഐ ഗ്രൂപ്പിന്റെ പോലും പൂര്‍ണ പിന്തുണ ചെന്നിത്തലയ്ക്ക് കിട്ടുന്നില്ല. ചെന്നിത്തല മാറിനില്‍ക്കട്ടെ എന്ന് ഗ്രൂപ്പിലെ പലരും രഹസ്യമായി അഭിപ്രായപ്പെടുന്നു. ചെന്നിത്തല തുടരണമെന്ന് ഘടക കക്ഷികളും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിനുള്ളില്‍ സമ്പൂര്‍ണ ഉടച്ചുവാര്‍ക്കല്‍ വേണമെന്നാണ് ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.