Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ നടപടി പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരല്‍, കൈയോടെ പിടിച്ചെങ്കിലും കളവ് കളവ് തന്നെ: ചെന്നിത്തല

മുഖ്യമന്ത്രിയുടെ നടപടി പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരല്‍, കൈയോടെ പിടിച്ചെങ്കിലും കളവ് കളവ് തന്നെ: ചെന്നിത്തല
തിരുവനന്തപുരം , ചൊവ്വ, 9 ജനുവരി 2018 (22:25 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്‌റ്റര്‍ യാത്ര വിവാദമായപ്പോല്‍ ഫണ്ട് റിലീസ് ചെയ്യാനുള്ള ഉത്തരവ് റദ്ദ് ചെയ്തെങ്കിലും കളവ് കളവല്ലാതാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സമ്മേളനത്തിനെത്താന്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഈടാക്കാന്‍ ശ്രമിച്ചത് പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നതുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.
 
ദുരിതബാധിതര്‍ക്കായി വിനിയോഗിക്കേണ്ട പണം ഇത്തരത്തില്‍ ഉപയോഗിച്ചത് അതീവ ദൌര്‍ഭാഗ്യകരമായ സംഭവമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൈയോടെ പിടിച്ചതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഇങ്ങനെ തടിതപ്പിയെങ്കിലും കളവ് കളവല്ലാതാകുന്നില്ല - ചെന്നിത്തല പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതിന് ചെലവായ എട്ടുലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചത്.
 
പിണറായി വിജയന്‍ തൃശൂരിലെ സി പി എം സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അവിടെനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കും പറന്നതാണ് ദുരന്തനിവാരണത്തിന്‍റെ വകയില്‍ ഉള്‍പ്പെടുത്തിയത്. എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 26നായിരുന്നു മുഖ്യമന്ത്രിയുടെ വിവാദയാത്ര. 
 
തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ഓഖി ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കണ്ടതിന് ശേഷം മന്ത്രിസഭായോഗവും കഴിഞ്ഞ് തൃശൂരിലെ സമ്മേളന വേദിയിലേക്ക് ഹെലികോപ്റ്ററില്‍ മടങ്ങുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പറന്നതിന്‍റെ ചെലവ് 8 ലക്ഷം, തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്