സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?
അതുമൂലമുള്ള മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ എലിപ്പനി ബാധിതരുടെയും അതുമൂലമുള്ള മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടെ 4,688 പേര്‍ക്കാണ് രോഗം ബാധിച്ചത്. 314 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണ് ഇത്. ലെപ്‌റ്റോസ്‌പൈറോസിസിന് ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്.
കേരളത്തില്‍ എല്ലാ മാസവും ശരാശരി 30 പേര്‍ എലിപ്പനി ബാധിച്ച് മരിക്കുന്നു. ഈ വര്‍ഷം മരിച്ച 314 പേരില്‍ 176 പേര്‍ക്കും മരണത്തിന് മുമ്പ് രോഗം കണ്ടെത്തിയിരുന്നു. 138 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചു. മണ്ണിലും എലികള്‍, പൂച്ചകള്‍, നായ്ക്കള്‍, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലും കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണമാകുന്നത്. മലിനജലത്തില്‍ കാലുകുത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഷൂസും കയ്യുറകളും ധരിച്ച് എലിപ്പനി തടയാന്‍ കഴിയും. നനഞ്ഞ മണ്ണില്‍ നഗ്‌നപാദനായി നടക്കരുത്. കാലിലെ വിള്ളലുകള്‍, ചെറിയ മുറിവുകള്‍ എന്നിവയിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
ശരീരവേദനയോടുകൂടിയ കടുത്ത തലവേദനയും പനിയുമാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശിവേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങളാണ്. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിച്ചാല്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കാം. പനി മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് എലിപ്പനി അല്ലെന്ന് ഉറപ്പാക്കാന്‍ രോഗികള്‍ ആശുപത്രിയില്‍ പോകണം. മലിനജലത്തില്‍ ഇറങ്ങേണ്ടി വരുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം. ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കാം.