Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ സാറേ...; ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ തേടി ആര്‍പിഎഫ് സ്‌കൂളില്‍ എത്തി

വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ സാറേ...; ചുവന്ന ബാഗ് ഉയര്‍ത്തി കാട്ടി തീവണ്ടി നിര്‍ത്തിച്ച കുട്ടികളെ തേടി ആര്‍പിഎഫ് സ്‌കൂളില്‍ എത്തി
, വെള്ളി, 8 ഒക്‌ടോബര്‍ 2021 (09:17 IST)
തീവണ്ടി വരുന്ന സമയത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാണിച്ച കുസൃതി എട്ടിന്റെ പണിയായി. ചുവന്ന ബാഗ് ഉയര്‍ത്തിക്കാണിച്ച് അപായസൂചന നല്‍കിയ വിദ്യാര്‍ഥികളാണ് കുരുക്കിലായത്. താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്കുനേര്‍ക്കാണ് ചില വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ കയറി ചുവന്ന ബാഗ് ഉയര്‍ത്തിയത്. അപായസൂചനയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് തീവണ്ടി നിന്നതോടെ വിദ്യാര്‍ഥികള്‍ ഓടിമറഞ്ഞു. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം.
 
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ഥികളാണ് സംഭവത്തിനുപിന്നിലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തില്‍ താനൂര്‍ കാട്ടിലങ്ങാടി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയവരാണെന്നും കണ്ടെത്തി. 
 
വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി കഴിയുന്നതുവരെ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു. തീവണ്ടി നിര്‍ത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് തെറ്റ് ചെയ്തതെന്ന് ബോധ്യപ്പെട്ടതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്നാണ് പല വിദ്യാര്‍ഥികളും ആര്‍.പി.എഫ്. ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റിങ്ങലിലെ വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം