പ്രായപരിധിയില്‍ കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും സിപിഎം ഇളവ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്താനും ധാരണയായെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് ഭരണമുള്ളത്. അതിനാല്‍ കേരളത്തിലെ ഭരണം നിലനിര്‍ത്തുക എന്നത് ദേശീയതലത്തിലും സിപിഎമ്മിന് പ്രധാനമാണ്. പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ തിരിച്ചെത്തുക അപ്രായോഗികമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാന സമ്മേളനത്തിന് കേന്ദ്ര നേതാക്കള്‍ എത്തും. പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്‌ളെ, ബി വി രാഘവേലു എന്നിവര്‍ പങ്കെടുക്കും. ഇതില്‍ അടുത്ത പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അശോക് ദാവ്‌ളെ, ബിവി രാഘവേലു എന്നിവരെയാണ് പരിഗണിക്കുന്നത്.
പിണറായി വിജയന്‍, എ വിജയരാഘവന്‍, എം എ ബേബി, എം വി ഗോവിന്ദന്‍ എന്നീ പിബി അംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തന്നെ തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.