Reporter TV: 'പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനല്‍'; റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവെച്ചു, രൂക്ഷവിമര്‍ശനം
മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തെ കുറിച്ച് പിന്നീട് ചോദ്യം ഉന്നയിക്കുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ദേഷ്യപ്പെട്ട് മറുപടി നല്‍കുകയും ചെയ്തത് സൂര്യ സുജിയോടാണ്
Reporter TV: വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക. ചാനലിലെ തൃശൂര്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്ന സൂര്യ സുജിയാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജി വയ്ക്കുകയാണെന്നും പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികളാണ് ചാനല്‍ നയിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ രാജിക്കത്തും മാധ്യമപ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തെ കുറിച്ച് പിന്നീട് ചോദ്യം ഉന്നയിക്കുകയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ദേഷ്യപ്പെട്ട് മറുപടി നല്‍കുകയും ചെയ്തത് സൂര്യ സുജിയോടാണ്. ഈ സംഭവത്തിനു ശേഷം റിപ്പോര്‍ട്ടര്‍ ടിവിയിലെ അധികാരികള്‍ തന്നോട് പെരുമാറിയ രീതി വിവരിക്കാന്‍ പോലും സാധിക്കാത്തതാണെന്നും സൂര്യ സുജി പറയുന്നു.
സൂര്യയുടെ വാക്കുകള്‍
റിപ്പോര്‍ട്ടര്‍ എന്ന സ്ഥാപനത്തില്‍ നിന്നും resign ചെയ്തു. മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങള്‍ :::
വാര്‍ത്തകളെ വില്‍ക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഇറങ്ങി...വാര്‍ത്തകള്‍ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാന്‍ വേണ്ടി ചെയ്യേണ്ട ഒന്നല്ല....അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോന്നതാണ്.... അതുകൊണ്ട് ഇറങ്ങി...
ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ഒരു പറ്റം കോമാളികള്‍ നയിക്കുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍...നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്....ഒരു കൂട്ടരാജി ഉടന്‍ തന്നെ ഉണ്ടാവും എന്നത് ഉറപ്പ്....
സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോര്‍ട്ടര്‍ അധികാരികള്‍ എന്നോട് പെരുമാറിയ രീതി വിവരിക്കാന്‍ ആവില്ല...ഇടതുപക്ഷ അനുഭാവിയെ, സംഘപരിവാറിനെതിരെ ശബ്ദമുയര്‍ത്തുന്ന ഒരാളെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല....അവര്‍ പുറത്താക്കും മുന്‍പേ പുറത്തു പോകണം എന്നത് എന്റെ തീരുമാനം...മുതലാളിമാര്‍ക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാന്‍ വേണ്ടി മാത്രം വാര്‍ത്ത ചെയ്യുന്ന തൊഴിലാളികളെയാണ്...സംഘപരിവാര്‍ രാഷ്ട്രീയമല്ലാത്തത് എന്തും അവര്‍ക്ക് വെറുപ്പാണ്..പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി....അത് നല്ലതിന്....
രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോര്‍ട്ടര്‍മാരെ തെറി വിളിക്കും....അടുത്തദിവസം ഒന്നും സംഭവിച്ചില്ലാതെ രീതിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും.... 24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരില്‍ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്...പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോര്‍ട്ടര്‍മാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവും ഉണ്ട്..അങ്ങനെ ഒരുപാടുണ്ട് ....
മാധ്യമപ്രവര്‍ത്തകരെ വിലക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം....ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാന്‍ പറ്റിയതില്‍ സന്തോഷം...