ഡൽഹി: കാർഷിക ബില്ലുകൾക്കും കർഷകവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് തടയുന്നതിനായി സന്നാഹങ്ങൾ ഒരുക്കി ഹരിയാന. ഡൽഹിയുടെ അഞ്ച് അതിർത്തികളൂം ബാരിക്കേടുകൾ സ്ഥാപിച്ച് ഹരിയാന അടച്ചു. നഗരത്തിലേയ്ക്കുള്ള റോഡുകൾ മണ്ണിട്ട് തടസ്സപ്പെടുത്തിയിരിയ്ക്കുകയാണ്. മെട്രോ സർവീസുകൽ വെട്ടിച്ചുരുക്കി. നഗരാതിർത്തിയ്ക്കുള്ളിൽ മാത്രമായിരിയ്ക്കും മെട്രോ സർവീസ് നടത്തുക. മിക്ക പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.
ബദൽപ്പൂർ അതിർത്തിയിൽ ഡൽഹി പൊലീസിനെയും സിആർപിഎഫിനെയും വിന്യസിച്ചു. ഹരിയാന അതിർത്തിയിൽ ഡ്രോണുകളുടെ ഉൾപ്പടെ സഹായത്തോടെയാണ് കർഷകരെ ചെറുക്കുന്നതിന് നിരീക്ഷണം ഏർപ്പെടുത്തിയിരിയ്ക്കുന്നത്. പഞ്ചാബിലേയ്ക്കുള്ള വഹന ഗതാഗതം രണ്ടുദിവസത്തേയ്ക്ക് ഹരിയാന നിർത്തിവച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാരും റാലിയ്ക്ക് അനുമതി നിഷേധിച്ചിരിയ്ക്കുകയാണ്. ഇന്നും നാളെയുമായാണ് കർഷകരുടെ ഡൽഹി ചലോ മാർച്ച്