തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യം കണക്കാക്കി കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളോടെയാണ് തീര്‍ത്ഥാടനം നടത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. കോവിഡിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചു വരുന്നു. അസിസ്റ്റന്റ് സര്‍ജന്‍മാര്‍ക്ക് പുറമേ കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങളും ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആരോഗ്യവകുപ്പില്‍ നിന്ന് 1000ത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ മണ്ഡലകാലത്ത് നിയമിക്കുന്നതാണ്. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, കോവിഡ് ബ്രിഗേഡ് എന്നിവയില്‍ നിന്നാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഒരാഴ്ച റൊട്ടേഷനിലും മറ്റ് ജീവനക്കാര്‍ 15 ദിവസം റൊട്ടേഷനിലുമാണ് സേവനമനുഷ്ഠിക്കുന്നത്.