സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുംവരെ യുവതികളെ ശബരിമലയില്‍ കയറ്റേണ്ടെന്ന നിലപാടില്‍ സി പി എം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് ഒന്നും ചെയ്യേണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക എന്നറിയുന്നു.
സംഘപരിവാര്‍ സംഘടനകള്‍ സുപ്രീംകോടതി വിധി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചേക്കാമെന്നും സി പി എം കരുതുന്നു. അതിന് വശപ്പെട്ടുപോകരുത് എന്നാണ് പാര്‍ട്ടി നിലപാട്. മണ്ഡലകാലം സമരങ്ങള്‍ക്ക് വേദിയാകുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന് തിരിച്ചടിയാണെന്ന തിരിച്ചറിവിലാണ് കരുതലോടെ നീങ്ങാന്‍ സി പി എം തീരുമാനിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് വിശ്വാസസമൂഹം അകലാന്‍ കാരണം സര്‍ക്കാരിന്‍റെ ധൃതിപിടിച്ച തീരുമാനങ്ങളാണെന്ന സ്വയം വിമര്‍ശനം സി പി എമ്മിനുള്ളിലുണ്ട്. അത് ആവര്‍ത്തിക്കരുതെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
രാഷ്ട്രീയ എതിരാളികള്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം നല്‍കരുതെന്നാണ് പാര്‍ട്ടി സര്‍ക്കാരിന് നല്‍കുന്ന ഉപദേശം. അതായത്, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് തീരുമാനമെടുക്കാനിരിക്കെ തിടുക്കപ്പെട്ട് സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊള്ളരുതെന്നാണ് നിര്‍ദ്ദേശം.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേതാക്കള്‍ ജാഗ്രതയോടെയാവണം പ്രതികരിക്കേണ്ടതെന്ന നിര്‍ദ്ദേശവും പാര്‍ട്ടിക്കുള്ളില്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.