മെൽബണിൽ മലയാളി യുവാവ് സാം ഏബ്രഹാമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ അരുൺ കമലാസനന്റെ ശിക്ഷയിൽ ഇളവ് അനുവദിച്ചു കോടതി. വിക്ടോറിയ സുപ്രീം കോടതിയുടെ മൂന്നംഗ അപ്പീൽ ബെഞ്ചിന്റേതാണ് ഉത്തരവ്
അരുണിന്റെ 27 വർഷത്തെ തടവുശിക്ഷ 24 വർഷമായി കുറച്ചാണ് വിക്ടോറിയ സുപ്രീം കോടതി ഉത്തരവിട്ടത്. 23 വർഷത്തിനു ശേഷമെ പരോൾ നൽകാവൂ എന്ന വിധി 20 വർഷം ആക്കുകയും ചെയ്തു. എന്നാൽ, താൻ കുറ്റക്കാരനല്ലെന്ന അരുൺ കമലാസനന്റെ വാദം കോടതി തള്ളി.
സാം ഏബ്രഹാം ആത്മഹത്യ ചെയ്തതാകാമെന്ന അരുണിന്റെ വാദവും അതു സ്ഥാപിക്കാനായി മുന്നോട്ടുവച്ച വാദങ്ങളുമാണ് കോടതി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേസിലെ കൂട്ടുപ്രതിയും സാം ഏബ്രഹാമിന്റെ ഭാര്യയുമായ സോഫിയ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. 22 വർഷത്തെ തടവാണ് കേസിൽ സോഫിയയ്ക്ക് വിധിച്ചിരിക്കുന്നത്.