'അത് ജിഹാദിയുടെ വിത്ത്'; കേരളം മുഴുവൻ കൈകോർത്ത കുഞ്ഞുജീവന് നേരെ വർഗ്ഗീയ വിഷം ചീറ്റി സംഘപരിവാർ പ്രവർത്തകൻ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ബിനിൽ സോമസുന്ദരം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കുഞ്ഞിനു നേരെ വർഗ്ഗീയ ആക്രമണമുണ്ടായത്.
ഇന്നലെ കേരളം ഒന്നടങ്കം പ്രാർത്ഥിച്ചത് 15 ദിവസം മാത്ര പ്രായമുള്ള കുഞ്ഞിനു വേണ്ടിയായിരുന്നു.മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലൻസിനു പിന്നാലെയായിരുന്നു മലയാളികൾ. പ്രളയത്തിനു ശേഷം വീണ്ടും രാഷ്ട്രീയ, മത വ്യത്യാസമന്യേ കേരളം ഒന്നിച്ചു. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയുള്ള ക്യാമ്പെയിനാണ് ഇതിനായി നടന്നത്. എന്നാൽ അതിനിടയിൽ കുഞ്ഞിന് നേരെ വർഗ്ഗീയ വിഷം ചീറ്റിയ സംഘപരിവാർ പ്രവർത്തകനെതിരെ സോഷ്യൽ മീഡിയായിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.
ബിനിൽ സോമസുന്ദരം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് കുഞ്ഞിനു നേരെ വർഗ്ഗീയ ആക്രമണമുണ്ടായത്. ജിഹാദിയുടെ വിത്ത് എന്നാണ് ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാൾ വിളിച്ചത്. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞായതുകൊണ്ടാണ് ആംബുലൻസിനായി കേരളമാകെ തടസമില്ലാതെ ഗതാഗതം ഒരുക്കണം എന്ന് പറയുന്നത് എന്നാണ് ബിനിൽ കുറിച്ചത്. ന്യൂനപക്ഷ വിത്തായതിനാലാണ് സർക്കാർ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാൾ കുറിച്ചു.
എന്നാൽ പോസ്റ്റ് വിമർശനങ്ങൾക്ക് കാരണമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചു. ഇയാൾക്കെതിരെ കേസെടുക്കണം എന്നാണ് സമൂഹമാധ്യമങ്ങൾ ആവശ്യപ്പെടുന്നത്. ശബരിമല ആചാരസംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരിൽ ഒരാളാണ് ഇയാൾ. ശബരിമല ആചാരസംരക്ഷണ യജ്ഞവുമായി ശബരിമല സന്നിധിയിൽ എന്ന് പറഞ്ഞ് നിരവധി ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.