Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അബി ഒരു ലോക്കൽ ആർട്ടിസ്റ്റ് അല്ലേ, അത് വേണ്ട അവലക്ഷണം ആകും'; സലാല മൊബൈൽസിന്റെ സെറ്റിൽ നടന്ന ദുരനുഭവം പങ്കുവെച്ച് സംവിധായകൻ

അബിയെ ഒഴിവാക്കാൻ പറഞ്ഞ ആൾ തന്നെ അവന്റെ അനുശോചന കുറിപ്പും എഴുതി: സംവിധായകന്റെ വെളിപ്പെടുത്തൽ

'അബി ഒരു ലോക്കൽ ആർട്ടിസ്റ്റ് അല്ലേ, അത് വേണ്ട അവലക്ഷണം ആകും'; സലാല മൊബൈൽസിന്റെ സെറ്റിൽ നടന്ന ദുരനുഭവം പങ്കുവെച്ച് സംവിധായകൻ
, വെള്ളി, 1 ഡിസം‌ബര്‍ 2017 (13:59 IST)
മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത താരമായിരുന്നു അബി. അബിയുടെ അപ്രതീക്ഷിത മരണത്തിൽ സിനിമാ മേഖല അനുശോചനം അറിയിച്ച് രംഗത്തെത്തി. അബിയെ പല സിനിമകളിൽ നിന്നും തഴയുകയായിരുന്നുവെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് സംവിധായകൻ ശരത് എസ് ഹരിദാസൻ പറയുന്നത്.
 
അബി പാടിയ ഏക സിനിമാഗാനം സലാല മൊബൈൽസ് എന്ന ചിത്രത്തിലാണ്. ലാ ലാ ലാസാ... എന്ന ഗാനത്തിൽ അബി തന്റെ മാസ്റ്റർ പീസ് ആയ ആമിനത്താത്തയായാണ് എത്തിയതും. വൻ ഹിറ്റ് ആയിരുന്നു ഗാനം. എന്നാൽ പാട്ടിന്റെ ദൃശ്യങ്ങളിൽ അബിയുടെ ഒറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. പക്ഷേ നിരവധി ഷോട്ടുകൾ ചിത്രീകരിച്ചിരുന്നുവെന്ന് സംവിധായകൻ പറയുന്നു. ദുൽഖർ സൽമാൻ, നസ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ നായികാ - നായകന്മാർ.
 
സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്:  
 
രാവിലെ അറിഞ്ഞപ്പോൾ മുതൽ, ആദ്യം ചിന്തിച്ചത് ഇതാണ്: ശരീരം ഉപേക്ഷിച്ചു സ്വതന്ത്രനായ ഒരാളോട് സമൂഹമാധ്യമത്തിലൂടെ മനസ്സു തുറന്നിട്ട് എന്തു കാര്യം ! പിന്നെ ഓർത്തു നർമം ഒരുപാടിഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ മനസ്സുകളിൽ അബിക്ക ഇപ്പോഴും ജീവിക്കുന്നുണ്ട്. അത് കൊണ്ട് ഞാനിവിടെ പറയുന്നത് നിങ്ങളോരോരുത്തരും കേൾക്കുമ്പോൾ അദ്ദേഹം കേൾക്കുന്നു എന്നർത്ഥം. ഈ പേജിൽ അധികം ഫാൻ ലൈക്കുകൾ ഒന്നുമില്ല. പതിനായിരത്തിൽ നിന്നല്പം കൂടുതൽ. പക്ഷെ ഞാൻ എന്റെ ഉള്ളിൽ നിന്ന് പറയുന്നത് കേൾക്കാൻ ചെറുതെങ്കിലും സ്നേഹമുള്ള ഒരു ചെറിയ കൂട്ടം എന്റെ മുന്നിലുണ്ട്. അവരിലോരോരുത്തരിലും അബിക്കയും.
 
webdunia
സലാല മൊബൈൽസിലെ ലാ ലാ ലസ എന്ന പാട്ടു പാടിക്കാൻ ഞാനും ഗോപിയും അബിക്കയെ വിളിക്കുന്നത് സിനിമ ടെക്‌നിഷ്യൻസ് എന്ന നിലക്കായിരുന്നില്ല. കുട്ടിക്കാലം മുതൽ അബിക്കയുടെ പ്രകടനങ്ങൾ VHS ടേപ്പുകളിലും, ടിവിയിലും, അരങ്ങത്തും കണ്ടു ചിരിച്ചു മറിഞ്ഞ രണ്ടു ആരാധകർ ആയിട്ടായിരുന്നു. ആ പാട്ടെഴുതിയതു ഞാൻ തന്നെ ആയിരുന്നു. അത് അബിക്കയെ കൊണ്ട് പാടിക്കുന്നതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെ ആയിരുന്നു. ആ റെക്കോർഡിങ്ങും അവിസ്മരണീയമായിരുന്നു. അത്രയ്ക്ക് ലൈഫ്, അബിക്ക ആ പാട്ടിലേക്കു കൊണ്ട് വന്നു. 
 
അത് ചിത്രീകരിച്ചപ്പോൾ, അതിന്റെ പകുതി ഭാഗത്തോളം അദ്ദേഹം പാടുന്ന വീഡിയോയും ചിത്രീകരിച്ചു. സ്റ്റുഡിയോയിൽ അബിക്ക പാടുന്നത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചോണ്ട് ചോദിച്ചു: ഇതൊക്കെ സ്‌ക്രീനിൽ വരുവോടോ ? ഞാൻ പറഞ്ഞു അതെന്താ അബിക്ക അങ്ങനെ ചോദിക്കുന്നത്. സോങ്ങിന്റെ ഹാഫ് പോർഷൻ ഓളം അബിക്കയുടെ വിഷ്വൽ ഉണ്ടാകും. അബിക്ക ചിരിച്ചിട്ട് പോയി. പക്ഷെ, അബിക്ക ജയിച്ചു ! ഞാൻ തോറ്റു ! അബിയെ പോലെ ഒരു "ലോക്കൽ" ആർട്ടിസ്റ്റിനെ എന്തിനാണ് ഈ പടത്തിൽ വെക്കുന്നത്. അത് അവലക്ഷണം ആണ് എന്നാണ് ബന്ധപ്പെട്ട ഒരു സിനിമ പ്രമുഖൻ പറഞ്ഞത്. ഇന്ന് അബിക്കക്കുള്ള അയാളുടെ കണ്ണീരിൽ കുതിർന്ന അനുശോചന കുറിപ്പും ഞാൻ ഇതേ സമൂഹമാധ്യമത്തിൽ വായിച്ചു. അപ്പോഴാണ് എന്തായാലും ഞാൻ ഒന്നെഴുതാം എന്ന് തീരുമാനിച്ചത്. എനിക്ക് അത്രയ്ക്ക് ലക്ഷം ലൈക് ഒന്നുമില്ലെങ്കിലും.
 
webdunia
ആ സംഭവത്തിന് ശേഷം, അബിക്കയുടെ ഒറ്റ ഷോട്ട് ഒഴിച്ചുള്ളതെല്ലാം ആ സോങ് വിഷ്വൽസിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടു. ആദ്യ സംവിധായകനായ ഞാൻ നട്ടെല്ലില്ലാതെ അത് നോക്കി നിന്നു. പാട്ടൊക്കെ ഹിറ്റായി. ഇന്നും അത് കാണുമ്പോൾ ഓരോ ഷോട്ടിലും എനിക്ക് അബിക്കയെ കാണാം. നിങ്ങൾക്കും ഇനി അത് കാണുമ്പോൾ അദ്ദേഹത്തെ അതിൽ കാണാനാകും. ഓരോ ഷോട്ടിലും. ഒരാളെ കാണാനുള്ള മനസ്സുണ്ടായാൽ മതി നമുക്ക്. പക്ഷെ, ആ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനായാൽ ഏറ്റോം നല്ലത്.
 
അബിക്കയോട് അക്കാലത്തു തന്നെ ഞാൻ മാപ്പു പറഞ്ഞിരുന്നു. ഉറക്കെ ഉള്ള ഒരു ചിരിയും തോളത്തൊരു തട്ടും തന്നു. ഇന്ന് അബിക്കയെ മനസ്സിൽ കൊണ്ടുനടക്കുന്ന നിങ്ങളോരോരുത്തരോടും ഞാൻ മാപ്പു ചോദിക്കുന്നു. ഈ മാപ്പപേക്ഷ ആണ് എന്റെ അനുശോചനം.
 
ഇന്ന് ഗുരുവായൂർ ഏകാദശി ആണ്. ഞാൻ വിശ്വസിക്കുന്ന മതപദ്ധതി പറയുന്നത് ഏകാദശിയിൽ മരണം മോക്ഷപ്രാപ്തി ആണെന്നാണ്. അബിക്കയെ ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിയാഞ്ഞ ഈ നരകത്തിൽ നിന്ന് അദ്ദേഹം അവഗണനയുടെ വൈതരണീ നദിയും കടന്നു സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇവിടെ ഭൂമിയിൽ, അബിക്കയുടെ മകൻ അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ഉയരങ്ങളും നേടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുഴുവരിച്ച് ദ്വാരം വീണ തലയുമായി തെരുവിലൂടെ നടന്നു; ഒടുവില്‍ ആശ്വാസമായത് ചാരിറ്റബില്‍ സൊസൈറ്റി