എസ്ബിഐയിൽ നാളെ പണിമുടക്ക്. ടാവങ്കൂർ സ്റ്റേറ്റ് ബാങ്ക് എമ്പ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കിംഗ് സേവനങ്ങളെ തകിടം മറിക്കും വിധമുള്ള എംപിഎസ് എഫ് വില്പന- വിപണന പദ്ധതി പിൻവലിക്കുക, ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, ഇടപാടുകൾക്ക് മൂല്യാധിഷ്ഠിത തൊഴിൽശക്തി സൗഹൃദനയങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കേരളത്തിലെ എസ്ബിഐ ബാങ്കുകളിൽ ബിസിനസും വരുമാനവും ലാഭവും വർധിപ്പിക്കാനെന്ന പേരിൽ ജീവനക്കാരെ ഗണ്യമായി കുറച്ച് മാർക്കറ്റിംഗ് മേഖലയിലേക്ക് മാറ്റുന്നത് മൂലം ശാഖകളിലെ സേവനങ്ങൾ അവതാളത്തിലാകുന്ന സാഹചര്യമാണുള്ളത്. സവിശേഷമായ സ്കില്ലുകളില്ലാത്ത ജീവനക്കാരെ ഇത്തരം ജോലികൾക്ക് നിയോഗിക്കുന്നത് യുക്തിരഹിതമാണെന്നും ഇതിനാൽ ശാഖകളിലെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നും ശാഖകളിലുള്ള ജീവനക്കാരുടെ ജോലിഭാരം ഉയരാൻ ഇത് കാരണമാകുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു.