എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുപ്പിയോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് സുബൈറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പള്ളിയിൽ ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരികയായിരുന്നു സുബൈർ. ഇതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്‌ത്തിയ ശേഷം സുബൈറിനെ ആക്രമിക്കുകയായിരുന്നു. പിതാവിന്റെ കണ്മുന്നിൽ ഇട്ടാണ് സുബൈറിനെ വെട്ടിപരിക്കേൽപ്പിച്ചത്. ബൈക്കിൽ നിന്നും വീണ പിതാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍. നേരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുബൈറിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.