രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി.) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാംകാമ്പസ് ആർഎസ്എസിന്റെ സർസംഘ ചാലകും ബുദ്ധികേന്ദ്രവുമായിരുന്ന ഗോൾവാൾക്കറിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ്‌വർധൻ. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ ആക്കുളത്താണ് ആർജിസിബിയുടെ രണ്ടാം ക്യാമ്പസ് തയ്യാറായിട്ടുള്ളത്.
കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാഗവേഷണത്തിനാവശ്യമായ സൗകര്യങ്ങളുള്ള കേന്ദ്രമാകും ഇത്. സ്റ്റെം സെൽ മാറ്റിവെക്കൽ. ജീൻ തെറാപ്പി,രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സൂക്ഷ്മാണു അവസ്ഥയിലുള്ള അർബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. കൂടാതെ ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാനവും ഇവിടെയുണ്ടാകും. ബയോടെക്‌നോളജി രംഗത്ത് വൻവികസനമാകും ഈ കേന്ദ്രത്തിലൂടെയുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.