ഗവര്‍ണര്‍ക്കു തിരിച്ചടി; സെനറ്റിലേക്കു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്ക് ഹൈക്കോടതി സ്റ്റേ
ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ സെനറ്റിലേക്കു നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം
കേരള സര്‍വകലാശാല സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. യോഗ്യതയുള്ളവരെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത നാല് വിദ്യാര്‍ഥികള്‍ എബിവിപി ബന്ധമുള്ളവരാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ സെനറ്റിലേക്കു നാമനിര്‍ദേശം ചെയ്യാമെന്നാണ് സര്‍വകലാശാല ചട്ടം. ഇത്തരത്തില്‍ കഴിവു തെളിയിച്ച തങ്ങളെ പരിഗണിക്കാതെ ഗവര്‍ണര്‍ നാല് പേരെ നാമനിര്‍ദേശം ചെയ്‌തെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ യോഗ്യതയൊന്നും ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.