എസ് എഫ് ഐയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് മാനേജ്മെന്റ്; ആവശ്യങ്ങൾ അംഗീകരിച്ചു, അവസാനിച്ചത് 92 ദിവസത്തെ സമരം
പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്ഐ നടത്തിവന്ന സമരത്തിന് വിജയം
പൊന്നാനി എംഇഎസ് കോളേജില്‍ 92 ദിവസമായി എസ്എഫ്ഐ നടത്തിവന്ന സമരം ഒടുവിൽ വിജയം കണ്ടു. പുറത്താക്കിയ 26 വിദ്യാര്‍ഥികളേയും തിരിച്ചെടുക്കുമെന്നതായി ഇവരുടെ ആവശ്യം. സമരം ശക്തമായതോടെ ഇവരുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു.
കലാലയ രാഷ്ട്രീയത്തിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷമാണ് എസ് എഫ് ഐയുടെ സമരം വിജയം കണ്ടിരിക്കുന്നതെന്നതും ശ്രദ്ദേയമാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സമര്‍പ്പിച്ച യുയുസി, വൈസ് ചെയര്‍മാന്‍ നോമിനേഷന്‍ തള്ളിയതാണ് സമരത്തിനിടയാക്കിയത്.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മാനേജ്മെന്റ് ചര്‍ച്ച നടന്നിരുന്നു. മന്ത്രിതല ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ക്ക് അനുകൂല തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചിരുന്നില്ല. ഇതോടെ സമരം ശക്തമാക്കാൻ എസ് എഫ് ഐ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ മാനേജ്മെന്റ് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത 15 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു, പുറത്താക്കിയ 11 വിദ്യാര്‍ഥികളില്‍ 8 പേരെ തിരിച്ചെടുത്തു. ബാക്കി മൂന്ന് പേര്‍ക്ക് മറ്റു കോളേജുകളില്‍ അഡ്മിഷന്‍ നല്‍കാമെന്നുമുള്ള ഉറപ്പിലാണ് നിരാഹാരസമരം അവസാനിച്ചത്.
(ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്)