Publish Date: Wed, 23 Jun 2021 (11:13 IST)
Updated Date: Wed, 23 Jun 2021 (11:41 IST)
തിരുവല്ല മെപ്രാലില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃവീട്ടില്‍ നിന്ന് സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ കാരണമാണെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു യുവതി വിഷക്കായ കഴിച്ചത്. തിരുവല്ല മേപ്രാല്‍ സ്വദേശി സി.എസ്.ശാരിമോളാണ് ആത്മഹത്യ ചെയ്തത്. ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ശാരിമോളെ ഇവര്‍ മാനസികമായി സമ്മര്‍ദത്തിലാക്കി. ഭര്‍തൃവീട്ടില്‍ നിന്ന് സഹിക്കേണ്ടിവന്ന പീഡനങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ശാരിമോളുടെ മാതാപിതാക്കള്‍ ആരോപിച്ചു. ബഹ്‌റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായിരുന്നു 30 വയസ്സുകാരിയായ ശാരിമോള്‍. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്‌റൈനിലേക്ക് ജോലിക്കായി പോയി. 2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കിയതെന്ന് പരാതിയുണ്ട്. വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും ശാരിയുടെ സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സംഘര്‍ഷത്തിനു പിന്നാലെയാണു ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു.