വനിതാദിനത്തിൽ മറൈൻഡ്രൈവിൽ അഴിഞ്ഞാടിയത് ഇരുപതോളം ശിവസേനക്കാർ, സദാചാര ഗുണ്ടായിസം ആയുധമാക്കി പ്രതിപക്ഷം; എസ് ഐയ്ക്ക് സസ്പെൻഷൻ
'മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക' - ഇതായിരുന്നു മറൈൻഡ്രൈവിൽ എത്തിയ സദാചാര ഗുണ്ടായിസക്കാരുടെ മുദ്രാവാക്യം
കൊച്ചി മറൈൻഡ്രൈവിൽ വനിതാദിനത്തിൽ ഒന്നിച്ചിരുന്ന ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും നേർക്ക് ശിവസേനാ പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആര്‍ ദേവന്‍, കെ വൈ കുഞ്ഞുമോന്‍, കെ യു രതീഷ്, എ വി വിനീഷ്, ടി ആര്‍ ലെനിന്‍, കെ കെ ബിജു, അരവിന്ദന്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പൊലീസിന്റെ അറസ്റ്റ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതിയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മർദ്ദിച്ചതായി ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനു തൊട്ടടുത്തായിരുന്നു സദാചാരക്കാരുടെ ഗുണ്ടായിസം അരങ്ങേറിയത്. അതുംപൊലീസിന്റെ സാന്നിധ്യത്തിൽ. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംഘര്‍ഷത്തില്‍ സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചാണ് ശിവസേനാ പ്രവർത്തകർ ഗുണ്ടായിസം നടത്തിയത്.
പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. പ്രകടനവുമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ യുവതീയുവാക്കളെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി അടിക്കുകയായിരുന്നു. നീയൊക്കെ എന്തിനാടി വന്നതെന്ന് ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ പൊലീസ് കാവലിലുളള സദാചാര ഗുണ്ടായിസം അരങ്ങേറിയത്.
‘പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തുക ’ എന്ന ബാനറുമായി പ്രകടനമായത്തെിയ ഇരുപത്തിയഞ്ചോളം ശിവസേന പ്രവര്‍ത്തകരാണ് മറൈന്‍ഡ്രൈവിൽ എത്തിയത്. പ്രേമത്തിന്റെ പേരില്‍ കാമക്കൂത്ത് അനുവദിക്കില്ല എന്ന് മുദ്രാവാക്യം വിളിച്ച് ശിവസേന പ്രവര്‍ത്തകര്‍ കമിതാക്കളെ ചൂരല്‍ പ്രയോഗിച്ച് ഓടിച്ചുവിടുകയായിരുന്നു.