സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം
കഴിഞ്ഞദിവസം രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശില്പ പാളികളും കട്ടിളയും കടത്തിയ കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കൂടിയായ ഇയാള്‍ പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.
നേരത്തെ ആരോപണങ്ങളില്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബു ആണെന്ന് വ്യക്തമായിട്ടുണ്ട്. വ്യാജരേഖയുടെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്വര്‍ണ്ണ പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്ന് മുരാരി ബാബു ആവര്‍ത്തിച്ച് പറയുന്നുണ്ട്.
രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുരാരി ബാബു പറഞ്ഞിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് താന്‍ നല്‍കിയത്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളിലുള്ളവരാണെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.