Publish Date: Fri, 10 Jan 2020 (08:10 IST)
Updated Date: Fri, 10 Jan 2020 (08:13 IST)
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കല്ലുകൊണ്ട് കൈ പൊട്ടിയെന്ന് കരഞ്ഞുകൊണ്ട് വന്നു അമ്മയോട് പറയുകയായിരുന്നു. ചാലാപ്പള്ളി നികർത്തിൽ രഞ്ജിത്തിന്റെയും ബിൻസിയുടെയും മകൾ അവന്തികയാണ് മരിച്ചത്.
വീടിന്റെ മുറ്റത്തേക്ക് വെള്ളം കയറാതിരിക്കാൻ പുരയിടത്ത് ചുറ്റും കൽക്കെട്ട് നിർമ്മിച്ചിട്ടുണ്ടായിരുന്നു. കൽക്കെട്ടിൽ നിന്ന് കല്ലുകൊണ്ട് മുറിഞ്ഞതാവാം എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നതോടെ കുഞ്ഞിനെ സമീപത്തുള്ള ഡോക്‌ടറുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് കുഞ്ഞിനെ പാമ്പ് കടിച്ചതായി തിരിച്ചറിഞ്ഞത്. പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.