ലൈംഗിക പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നത്; സോളാറില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങിയത് ഇങ്ങനെ - പ്രസക്‍ത ഭാഗങ്ങള്‍
ലൈംഗിക പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നത്; സോളാറില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങിയത് ഇങ്ങനെ
സോളാര്‍ തട്ടിപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കേരളാരാഷ്ട്രീയവും യുഡിഎഫും ഒരു പോലെ ഞെട്ടിയിരിക്കുന്നു. കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളതെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പരാമര്‍ശങ്ങളാണ് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തുവച്ച സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫിന്റെ ആത്മവിശ്വാസം തകര്‍ത്തതിനൊപ്പം കടുത്ത നാണക്കേടുമാണ് സമ്മാനിച്ചത്. യുഡിഎഫിലെ പ്രധാന നേതാക്കളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത് നിസാര കാര്യങ്ങള്‍ക്കല്ല. മിക്കവരും ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ആര്യാടന്‍ മുഹമ്മദുമടക്കമുള്ള പത്ത് പേരാണ് ആരോപണ വിധേയർ.
സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള എല്ലാ വ്യക്തികളുടെ പേരില്‍ കേസെടുക്കണമെന്ന് ശുപാര്‍ശ ചെയ്‌ത കമ്മീഷന്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് നിര്‍ദേശവും നല്‍കി.
ഉമ്മന്‍ചാണ്ടിക്കും മുന്‍മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. മകളായി കണക്കാക്കേണ്ടിയിരുന്ന ഉമ്മന്‍ചാണ്ടി സരിതയെ ശാരീരികമായി ചൂഷണം ചെയ്‌തുവെന്നും പദവി ദുരുപയോഗം ചെയ്‌ത് 32 ലക്ഷം രൂപ കോഴ വാങ്ങിയെന്നും കമ്മീഷന്‍റെ സുപ്രധാന കണ്ടെത്തലുകളില്‍ ഒന്നാണ്. പണത്തിന്റെ കൈമാറ്റം നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
2011 മുതൽ തന്നെ ലക്ഷ്മി നായർ എന്ന പേരിൽ ഉമ്മൻചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ടീം സോളാറിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനൊപ്പം ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് തട്ടിപ്പ് നടത്തുന്നതിന് സഹായം ഒരുക്കിയത് അദ്ദേഹത്തിന്റെ ഓഫിസുമാണ്. ഓഫീസിലെ പലരുമായും സരിതയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സരിതയെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കാന്‍ കമ്മീഷന് സാധിച്ചു.
സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയും തെളിവായി പരിഗണിക്കുന്നു. ബന്ധം മുതലെടുത്ത് സരിതയില്‍ നിന്നും ടെനി ജോപ്പന്‍ പണം വാങ്ങുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്‌തു.
സോളാര്‍ ആരോപണം ശക്തമായപ്പോള്‍ ഉമ്മൻചാണ്ടി സമ്മര്‍ദ്ദത്തിലായി. ഈ സാഹചര്യത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഇടപെടലുകള്‍ നടത്തി. ഈ സമയത്തു തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും സരിതയുമായി സംസാരിക്കുകയും മുഖ്യമന്ത്രിയെ ആരോപണത്തില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുവെന്നും കമ്മീഷന്‍ കണ്ടെത്തി.
സോളാര്‍ പദ്ധതിയില്‍ ആര്യാടന്‍ മുഹമ്മദിന് പങ്കാളിത്തമുണ്ടെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ട്. 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപ്പറ്റിയ ആര്യാടന്‍ സരിതയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അനര്‍ട്ടിനെ ഉപയോഗിച്ച് 2013ൽ ടീം സാളാറിന് അനുകൂലമായി സോളാര്‍ നയം ആര്യാടന്‍ രൂപപ്പെടുത്തിയത് ഈ ബന്ധം മൂലം ഉപയോഗിച്ചായിരുന്നുവെന്നും കമ്മീഷന്‍ പറയുന്നു.
മുന്‍മന്ത്രി അടൂര്‍പ്രകാശ് ലൈംഗികപീഡനത്തിനൊപ്പം ഫോണ്‍ സെക്‌സിനും സരിതയെ ഇരയാക്കി. ബംഗളൂരുവിലെ ഹോട്ടലില്‍ എത്തണമെന്നും അവിടെവച്ച് സംസാരിക്കാമെന്നും അദ്ദേഹം സരിതയോട് പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ, കെസി വേണുഗോപാല്‍, കെ പത്മകുമാര്‍ തുടങ്ങിയവരും പലപ്പോഴായി സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തു. അനില്‍ കുമാര്‍ പല സ്ഥലങ്ങളില്‍ വെച്ച് സരിതയെ ഉപയോഗിച്ചുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
സരിതയുമായി നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും ശക്തമായ തെളിവുകള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്.
തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും സമ്മര്‍ദ്ദത്തിലായത്. പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് മുമ്പില്‍ സര്‍ക്കാര്‍ താലയുയര്‍ത്തി നില്‍ക്കുന്ന സാഹചര്യമാണ് സോളാര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ സംജാതമായിരിക്കുന്നത്. ആരോപണത്തില്‍ പാര്‍ട്ടിയിലെ ഉന്നതനായ ഉമ്മന്‍ചാണ്ടി കുടുങ്ങിയതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഈ അവസ്ഥ മറികടക്കുന്നതിനാകും രമേശ് ചെന്നിത്തലയും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുക.