Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എനിക്ക് എപ്പോഴും വിരോധം തോന്നിയിട്ടുള്ളത് ഭാര്യയുടെ അച്ഛനോടാണ്, ഭാര്യ തന്നെയാണ് കാരണം’ - വൈറലായൊരു കുറിപ്പ്

‘എനിക്ക് എപ്പോഴും വിരോധം തോന്നിയിട്ടുള്ളത് ഭാര്യയുടെ അച്ഛനോടാണ്, ഭാര്യ തന്നെയാണ് കാരണം’ - വൈറലായൊരു കുറിപ്പ്
, വെള്ളി, 21 ജൂണ്‍ 2019 (12:51 IST)
വിവാഹത്തിനു ശേഷം അച്ഛനെയാണോ ഭർത്താവിനെയാണോ ഇഷ്ടമെന്ന ചോദ്യം പെൺകുട്ടികൾ നേരിടാറുണ്ട്. പുരുഷന്മാർ തിരിച്ചും. അച്ഛനോടാണ് പെണ്മക്കൾക്ക് പൊതുവേ ഇഷ്ട കൂടുതൽ. ഇത് ചിലപ്പോഴൊക്കെ ചില ഭർത്താക്കന്മാരിൽ അസൂയ ചെലുത്താറുണ്ട്. അത്തരൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശബരീസ് ആർ കെ എന്ന യുവാവ്. ഫാദേഴ്സ് ഡേ യോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പ് നിരവധിയാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം:
 
എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്‍റെ ഭാര്യയുടെ അച്ഛൻ..എന്‍റെ ഭാര്യ തന്നെയാണ് കാരണം.!! അവള് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അച്ഛനെ വലിച്ചിടും.ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ് :
 
"എന്‍റെ പിറകെ നടക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ അച്ഛനോട് പറഞ്ഞ് നല്ല തല്ലു മേടിച്ചു തരും "ഒടുവിൽ വീട്ടിൽ വന്നു ചോദിച്ചോളാൻ പറഞ്ഞപ്പോഴും അവൾ പറഞ്ഞു:
 
"എന്‍റെ അച്ഛൻ ആണെന്‍റെയെല്ലാം, അച്ഛൻ സമ്മതിച്ചില്ലേൽ ഞാൻ നിങ്ങളെ കെട്ടത്തുമില്ലാ .
നിങ്ങൾ ആദ്യം തന്നെ വന്നു അച്ഛനോട് ചോദിച്ചോളൂ "
 
ആവശ്യം എന്‍റെയായതു കൊണ്ട് ഞാൻ അതും കേട്ടു അമ്മ വഴി കാര്യം അച്ഛനിലോട്ട് എത്തിച്ചു .ഒടുവിൽ കൈയും കാലും പിടിച്ചു വീട്ടുകാരെ എല്ലാവരെയും സമ്മതിപ്പിച്ചു നെഞ്ചും വിരിച്ചു അവളുടെ മുൻപിൽ പോയി നിന്നപ്പോൾ ആ ദ്രോഹി പറയുവാണ് : "അതേയ് ചാവണ വരെ എനിക്ക് ഏറ്റോം വേണ്ടപ്പെട്ടതു എന്‍റെ അച്ഛൻ തന്നെ ആയിരിക്കും കേട്ടോ "നിങ്ങൾക്ക് ഒന്നും തോന്നരുത്.എന്‍റെച്ഛന്‍ ഉരുളി കമിഴ്ത്തി ഉണ്ടായതാ ഞാൻ, ആ ഞാൻ അച്ഛനെ മറക്കമ്പാടില്ലല്ലോ. .!!
 
കല്യാണദിവസം അച്ഛനും മകളും കൂടി കെട്ടിപിടിച്ചു നിലവിളിച്ചു കല്യാണം കൂടാൻ വന്നവരെയെല്ലാം കരയിപ്പിച്ചിട്ടാണ് വിട്ടത്.! അന്ന് മുതൽ അവളെ കൊണ്ട് അതൊന്നു മാറ്റി പറയിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഞാൻ ,"ഒരു സ്ത്രീക്ക് കല്യാണത്തിന് ശേഷം ഭർത്താവായിരിക്കും ഏറ്റവും കൂടുതൽ സ്നേഹവും സംരക്ഷണവും കൊടുക്കുന്നത് എന്നവൾക്കു കഥകളിലൂടെ പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചു .! ഭർത്താവിനെ ദൈവത്തെ പോലെ കാണുന്നു എന്നെനിക്കു തോന്നിയ അവളുടെ സ്വന്തം അമ്മയുടെ ഉദാഹരണം വെച്ചു വാദിക്കാൻ ശ്രമിച്ചു..!! രക്ഷയില്ല..!!
 
ഒടുവിൽ അച്ഛനെ ഒന്ന് തോൽപിച്ചു കാണിക്കണം എന്ന ഉദ്ദേശത്തോടെ ഞാൻ അവളെ അങ്ങ് സ്നേഹിച്ചു കൊല്ലാൻ തീരുമാനിച്ചു.എന്നാൽ മകൾക് വിളർച്ച ഉണ്ടെന്നു പറഞ്ഞപ്പോൾ അയൺ ഗുളികയുമായി അറുന്നൂറു കിലോമീറ്റർ യാത്ര ചെയ്തു വന്നു മകളുടെ കൂടെ നിന്നു തീറ്റി പോറ്റുന്നത് കണ്ടപ്പോൾ ഞാൻ മനസിലാക്കി എന്‍റെ എതിരാളി വിചാരിച്ച പോലല്ല...!!!
 
ഗർഭിണി ആയപ്പോൾ ബെഡ് റസ്റ്റ്‌ വിധിക്കപ്പെട്ട അവൾക്കു ഇഷ്ടപ്പെട്ട പൊറോട്ടയും മട്ടനും വാങ്ങിയിട്ട് വരുമ്പോഴേക്കും അച്ഛനടുക്കളയിൽ കയറി അവൾക്കു നല്ല ചൂട് ചോറും, ചമ്മന്തിയും, പയറു തോരനും വെച്ചു കൊടുത്തിട്ടുണ്ടാകും.
 
ഒടുവിൽ തോൽക്കില്ല എന്ന വാശിയോടെ പൊറോട്ടയും മട്ടനും അച്ഛനെ ഏല്പിച്ചു "ഞാനും ഒരു പാത്രത്തിൽ ചോറും കറിയും എടുത്തു കൊണ്ട് പോയി അവൾക്കു വാരി കൊടുത്തു എന്‍റെ ക്ഷീണം മാറ്റും..മകൾ തെന്നി വീഴാതിരിക്കാൻ പാണ്ടി പട്ടണം മുഴുവൻ അരിച്ചു പെറുക്കി ഗ്രിപ് ഉള്ള കാർപെറ്റുമായി വരുന്ന അച്ഛനെ കണ്ടു ഞാൻ അന്തം വിട്ടു..!
 
രാത്രി രണ്ടരമണിക്കു അവൾ പ്രസവിക്കുമ്പോൾ പ്രസവ മുറിക്കു പുറത്തു കാത്തു നിന്ന എന്നെ ഉറക്കം ചതിച്ചപ്പോഴും ചതിയിൽ വീഴാതെ പിടിച്ചു നിന്ന അച്ഛനെന്‍റെയും ഹീറോ ആയി..!!
എഴുപതാം വയസിലും മകൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന അദ്ദേഹത്തിന്‍റെ മുമ്പിൽ ഞാനൊന്നും അല്ലെന്നും അവളെന്തായാലും മാറ്റി പറയില്ലെന്നും എനിക്കപ്പോൾ ഉറപ്പായി..!!
 
ഒടുവിൽ ഞാനും തീരുമാനിച്ചു ഉരുളി കമിഴ്ത്താൻ..! അവളുടെ വയറ്റിൽ കിടക്കുന്ന എന്‍റെ സന്താനം അവളെ പോലെ തന്നെ ഒരു അച്ഛന്‍റെ മോളായിരിക്കാൻ !!
 
അദ്ദേഹം കൊടുത്ത സ്നേഹവും കരുതലുമാണ് അവളെ അവളാക്കിയത്. അദ്ദേഹത്തിന്‍റെ പിന്തുണയാണ് അവളുടെ ആത്മവിശ്വാസം. അച്ഛൻ പകർന്നു കൊടുത്ത സ്നേഹമാണ് അവളെനിക്ക് പകർന്നു തരുന്നത്..ഇപ്പോൾ അവളുടെ അച്ഛനെ പോലെ എന്‍റെ പാറൂന് "അച്ഛൻ " ആകാനുള്ള ശ്രമത്തിൽ
ആണ് ഞാനും..!!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിധിയുടെ ക്രൂരത: വിവാഹം രജിസ്റ്റ‍ര്‍ ചെയ്ത് മടങ്ങവെ ബൈക്ക് അപകടം, നവവരന് ദാരുണാന്ത്യം