2025-ലെ എസ്.എസ്.എല്‍.സി / റ്റി.എച്ച്.എസ്.എല്‍.സി / എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് 3-ന് ആരംഭിച്ച് മാര്‍ച്ച് 26-ന് അവസാനിക്കും. സംസ്ഥാനത്ത് മൊത്തം 2964 പരീക്ഷാ കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നു. ഇതില്‍ ആണ്‍കുട്ടികളുടെ എണ്ണം 2,17,696 ഉം പെണ്‍കുട്ടികളുടെ എണ്ണം 2,09,325 ഉം ആണ്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള റെഗുലര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം താഴെ കാണുന്നു:
സര്‍ക്കാര്‍ സ്‌കൂളുകള്‍: 1,42,298 കുട്ടികള്‍
എയ്ഡഡ് സ്‌കൂളുകള്‍: 2,55,092 കുട്ടികള്‍
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍: 29,631 കുട്ടികള്‍
ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നു. ഇവര്‍ക്ക് പുറമേ, ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 8 കുട്ടികളും പരീക്ഷ എഴുതുന്നു.
മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).
ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകള്‍ 03/03/2025 മുതല്‍ 26/03/2025 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. ഉച്ചക്കു ശേഷമാണ് ഹയര്‍സെക്കന്ററി പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്.
പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.