രഞ്ജി ട്രോഫി ഫൈനലിന്റെ അഞ്ചാം ദിവസം അവസാനിക്കാനിക്കെ കേരളത്തിന്റെ കിരീട സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചു. ആദ്യ ഇന്നിങ്ങ്‌സില്‍ നിര്‍ണായകമായ ലീഡ് നേടുന്നതില്‍ കേരളം പരാജയപ്പെട്ടിരുന്നു. സ്വപ്നനേട്ടത്തിനരികെ നായകന്‍ സച്ചിന്‍ ബേബി 98 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ കേരള ഇന്നിങ്ങ്‌സിനെ മുന്നോട്ട് നയിക്കാന്‍ മറ്റാര്‍ക്കും തന്നെയായില്ല. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ വിദര്‍ഭ 379 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 342 റണ്‍സാണ് നേടാനായത്.
രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ നിലവില്‍ 279/6 എന്ന നിലയിലാണ്. നിലവില്‍ 310 റണ്‍സിലേറെ ലീഡുള്ളതിനാല്‍ തന്നെ മത്സരത്തിലെ കേരളത്തിന്റെ പ്രതീക്ഷകളെല്ലാം അവസാനിച്ച നിലയിലാണ്. ആദ്യ ഇന്നിങ്ങ്‌സില്‍ 86 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 135 റണ്‍സും നേടിയ വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായരും ആദ്യ ഇന്നിങ്ങ്‌സില്‍ 153 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 73 റണ്‍സും നേടിയ ഡാനിഷ് മലേവാറുമാണ് കേരളത്തിന്റെ സാധ്യതകള്‍ ഇല്ലാതെയാക്കിയത്. ഇരുവരുടെയും കൂട്ടുക്കെട്ട് പൊളിക്കുന്നതില്‍ രണ്ട് ഇന്നിങ്ങ്‌സിലും കേരള ബൗളര്‍മാര്‍ പരാജയപ്പെട്ടു.
ഇതിനിടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 8000 റണ്‍സെന്ന നാഴികകല്ലും കരുണ്‍ നായര്‍ പിന്നിട്ടു. രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ നഷ്ടപ്പെടുത്തിയിരുന്നു. വിദര്‍ഭയുടെ സ്‌കോര്‍ 55ന് 2 എന്ന നിലയിലും കരുണിന്റെ വ്യക്തിഗത സ്‌കോര്‍ 31 റണ്‍സിലും നില്‍ക്കെയാണ് ക്യാച്ചിങ്ങ് അവസരം കേരളം നഷ്ടമാക്കിയത്. ചെറിയ റണ്‍സിന് കരുണ്‍ നായരെ പുറത്താക്കാനും അതുവഴി വിദര്‍ഭയെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള അവസരമാണ് ഇതോടെ കേരളത്തിന് നഷ്ടമായത്.