തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. ഈയാഴ്‌ച്ച പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകും. തുടർന്ന് ഒരാഴ്ച്ചക്കകം തന്നെ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണു സർക്കാരിന്റെ ശ്രമം.
കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ മെയ് 26 മുതലാണ് പിന്നീട് നടത്തിയത്. അതേ സമയം കൊവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ എന്ന് മുതൽ തുറക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.നിലവിൽ ഓൺലൈൻ ക്ലാസുകൾ വഴിയാണ് സംസ്ഥാനത്ത് അധ്യായനം നടക്കുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 ന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.