സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുന്നു പേരുമായും ബന്ധമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്വപ്ന അടുത്ത സുഹൃത്താണെന്നും ഔദ്യോഗിക പരിചയം പിന്നീട് സൗഹൃദമായി മാറി എന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചു.
സ്വപ്നയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇവയെല്ലാം സൗഹൃദ കൂടിക്കാഴ്ചകളായിരുന്നു. സന്ദീപിനെയും സരിത്തിനെയും പരിചയപ്പെടുത്തിയത് സ്വപ്നയാണ്. പ്രതികളുമായി സൗഹൃദം മാത്രമാണ് ഉള്ളത് എന്നും സ്വർണക്കടത്തിൽ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്നും ശിവശങ്കർ മൊഴി നൽകി. ശിവശങ്കറിനെ കൊച്ചിയിലേയ്ക്ക് വിളിച്ചുവരുത്തി എൻഐഎ ചോദ്യം ചെയ്തേയ്ക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ശിവശങ്കറിന്റെ ഫ്ലാറ്റിൽവച്ചാണ് സ്വർണക്കടത്തിൽ ഗൂഡാലോചന നടന്നത് എന്ന് കേസിൽ ഒന്നാം പ്രതിയായ സരിത്ത് നേരത്തെ മൊഴി നൽകിയിരുന്നു.