കള്ളുമായി ക്ലാസിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി. ഇടുക്കി നെടുങ്കണ്ടത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കള്ള് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചുപോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് കഞ്ഞിവെള്ളമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കള്ള് കുപ്പിയുമായി ക്ലാസിലേക്ക് എത്തിയത്.
കഞ്ഞിവെള്ളത്തില്‍ നിന്ന് ഈ വിദ്യാര്‍ഥി തന്നെ സ്വയം ഉണ്ടാക്കിയതാണ് കള്ള്. കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചുപോയപ്പോള്‍ കുപ്പിയിലുണ്ടായിരുന്ന കള്ള് മുഴുവന്‍ പുറത്ത് പോയി. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. ബാഗിലാണ് വിദ്യാര്‍ഥി കുപ്പി സൂക്ഷിച്ചിരുന്നത്. സഹപാഠികളോട് കഞ്ഞിവെള്ളമാണെന്ന് പറഞ്ഞായിരുന്നു കള്ള് സൂക്ഷിച്ചത്.
ക്ലാസിനുള്ളില്‍ വെച്ച് ഇടയ്ക്ക് കുപ്പി എടുത്ത് നോക്കിയപ്പോഴാണ് ഗ്യാസ് മൂലം കുപ്പിയുടെ അടപ്പ് തെറിച്ചുപോയത്. കള്ളിന്റെ മണം മനസ്സിലാക്കിയ മറ്റ് വിദ്യാര്‍ഥികള്‍ ഉടന്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ എത്തുമ്പോഴേക്കും കള്ള് കൊണ്ടുവന്ന വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് പോയി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകര്‍ വീട്ടിലെത്തി. വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്‍കാനാണ് അധ്യാപകരുടെ തീരുമാനം.