Publish Date: Tue, 14 Dec 2021 (19:07 IST)
Updated Date: Tue, 14 Dec 2021 (19:10 IST)
കുമിളി: ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്താണ് സംഭവം നടന്നത്. കമ്പം സ്വദേശി ഭുവനേശ്വരി എന്ന 21 കാരിയാണ് തൂങ്ങിമരിച്ചത്.
ഭുവനേശ്വരിയാണ് വിവാഹം കഴിഞ്ഞു കേവലം ഒരു മാസം കഴിയും മുമ്പേ ഭർത്താവ് ഗൗതമിനെ (24) വധിക്കാനായി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. വധിക്കാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് തന്നെയും പോലീസ് പിടികൂടുമെന്ന് ഭയന്നാണ് യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.
കഴിഞ്ഞ മാസം പത്തിനാണ് കേബിൾ ടി.വി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. ഭുവനേശ്വരി പോലീസ് ജോലിയിൽ ചേരാൻ പരിശീലനം നേടി കാത്തിരിക്കുന്നതിനിടെയായിരുന്നു വിവാഹം വിവാഹം കഴിഞ്ഞതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയില്ലെന്നറിഞ്ഞതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ഭുവനേശ്വരി തീരുമാനിച്ചത്.
മുൻ പരിചയക്കാരനായ ആന്റണി എന്ന നിരഞ്ജനെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചത്. എന്നാൽ ഗൗതത്തിനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയും സംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഗൗതം പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്.