കോട്ടയം: കോട്ടയം ജില്ലയിലെ പേരൂര്‍ കണ്ണമ്പുര കടവില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്ന ജിസ്‌മോള്‍ ജോസഫ് (32) തന്റെ രണ്ട് മക്കളായ അഞ്ചുവയസ്സുകാരി നോഹയെയും രണ്ടുവയസ്സുകാരി നോറയെയും കൂടെക്കൊണ്ടാണ് കൂട്ട ആത്മഹത്യ നടത്തിയത്. സംഭവത്തിന് മുമ്പ് തന്നെ ജിസ്‌മോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്.
ഇന്നലെ രാവിലെയും ജിസ്‌മോള്‍ വീട്ടില്‍ വെച്ച് തന്നെയും മക്കളും ആത്മഹത്യ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അയല്‍വാസികള്‍ രാവിലെ മുതല്‍ വീട്ടില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തിയതായും, മുറിയില്‍ രക്തത്തിന്റെ കറകള്‍ കണ്ടെത്തിയതായും പൊലീസ് കണ്ടെത്തി. ഇതിനൊപ്പം, ഒഴിഞ്ഞ വിഷക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ ജിസ്‌മോള്‍ തന്റെ കൈത്തണ്ട മുറിച്ചിരുന്നുവെന്നും, പിന്നീടാണ് മക്കളുമായി ആറ്റിലേക്ക് ചാടിയതെന്നുമാണ് ലഭിക്കുന്ന സൂചന. ആത്മഹത്യയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് വിഷം നല്‍കിയതായി സൂചനകളുണ്ടെങ്കിലും, തുടര്‍ച്ചയായുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അവര്‍ ആറ്റിലേക്ക് ചാടാന്‍ തീരുമാനിച്ചതെന്ന് കരുതപ്പെടുന്നു. സംഭവത്തിന് മുന്‍പ് തന്നെ വീട്ടുജോലിക്കാരിയെ വിട്ടയച്ചിരുന്നതായും വിവരമുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ജിസ്‌മോള്‍ തന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ നിറവും പണവുമായി ബന്ധപ്പെട്ട് കഠിനമായ മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ പീഡനങ്ങളെക്കുറിച്ച് മുന്‍കൂട്ടി ജിസ്‌മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് മുതല്‍ ജിസ്‌മോളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും കുടുംബം പൊലീസിനെ അറിയിച്ചു.