സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു
സിനിമാ സെറ്റ് പവിത്രമായ സ്ഥലം ആണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്. നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കുമെന്നും എല്ലാ സ്ഥലത്തെയും ലഹരി വ്യാപനം തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിനിമ സെറ്റിന് പ്രത്യേക പരിഗണന ഇല്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
അതേസമയം ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു. ഷൈന്‍ ടോം ചാക്കോ താമസിച്ച കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും എസിപി പറഞ്ഞു. ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ലഹരി വിതരണക്കാരനായ ഒരാളെ തേടിയായിരുന്നു പോലീസ് ഷൈന്‍ തങ്ങിയ ഹോട്ടലില്‍ എത്തിയത്.
ഇയാള്‍ ഷൈനിന്റെ മുറിയിലുണ്ടെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ ഹോട്ടലില്‍ ഇയാളെ കണ്ടെത്താനായില്ല. ഷൈന്‍ മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിനു ശേഷമാണ്. പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. അതേസമയം പകല്‍ ഷൈനിന്റെ മുറിയില്‍ എത്തിയ രണ്ട് യുവതികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഇടപാടുമായി യുവതികള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് കണ്ടെത്തി.