Publish Date: Sun, 11 Sep 2022 (14:56 IST)
Updated Date: Sun, 11 Sep 2022 (14:59 IST)
നെടുമങ്ങാട്: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നെങ്കിലും യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട സ്വദേശിനി സംജിത എന്ന 28 കാരിയാണ് തിരുവോണ ദിനത്തിൽ രാവിലെ പതിനൊന്നു മണിയോടെ നെടുമങ്ങാട്ടുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ചത്.
തിരുവനന്തപുരം പട്ടത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് മരിച്ച സംജിത. ഇവരുടെ ഭർത്താവ് ബിജു കൺസ്ട്രക്ഷൻ ജീവനക്കാരനാണ്. ഇരുവരും തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് സംജിത് പിണങ്ങി അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഓണത്തിന്റെ തലേ ദിവസം ബിജു ഇവരെ നെടുമങ്ങാട്ടുള്ള വാടക വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
എന്നാൽ ബിജുവിന്റെ മാതാവും സംജിതയും തമ്മിൽ വീണ്ടും വാക്കുതർക്കമായി. ഇതിൽ ഇടപെട്ട ബിജു സംജിതയെ മർദ്ദിച്ചു. ഇതിന്റെ വിഷമത്തിൽ സംജിത് ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ ബിജു ഉടൻ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് പോലീസ് ബിജുവിനെതിരെ കേസെടുത്തു അറസ്റ് ചെയ്തത്.