സുനന്ദ പുഷ്‌കറിന്റെ മകനും വീട്ടുകാരും നല്‍കിയ മൊഴിയാണ് ശശി തരൂരിന് തുണയായത്. സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ പറഞ്ഞിരുന്നു. സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ പറഞ്ഞത്. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്‍ അഡ്വ. വികാസ് പഹ്വ കോടതിയില്‍ ചോദിച്ചത്. ഇതെല്ലാം തരൂരിന് തുണയായി.
ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിനു പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്തെത്തി. കഴിഞ്ഞ ഏഴര വര്‍ഷം തികഞ്ഞ മാനസിക പീഡനമാണ് താന്‍ സഹിച്ചതെന്ന് ശശി തരൂര്‍ പറഞ്ഞു. കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഓണ്‍ലൈനിലൂടെയായിരുന്നു ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വാദിച്ചത്. എന്നാല്‍, ഈ വാദങ്ങളെ കോടതി തള്ളി. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.