ഇപ്പോള്‍ നടക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം, അന്വേഷണം ശരിയായ ദിശയില്‍ തന്നെ: സുരേഷ് ഗോപി
‘പ്രമുഖ നടി’യുടെ പേര് മിണ്ടിയാല്‍ കേസ്, ‘പ്രമുഖ നടന്’ എന്താ കുടുംബം ഒന്നുമില്ലേ? സിനിമാക്കാര്‍ ചേരി തിരിയുന്നു
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ അടക്കം നിരവധി കമന്റുകളാണ് വരുന്നത്. സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ആക്ഷേപവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെ രണ്ട് ചേരിയില്‍ ആണ് നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്, ഒന്നിലും അടിസ്ഥാനമില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. ദിലീപിനെ അനുകൂലിച്ച് അജു വര്‍ഗീസ്, സലിം കുമാര്‍, ലാല്‍ ജോസ് എന്നിവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് പരസ്യമായി പറയുന്നതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്തെത്തി.
'പ്രമുഖ നടന്റെ' പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച് അലക്കാം.പക്ഷേ 'പ്രമുഖ നടിയുടെ' പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിയ്ക്ക് മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട് കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ. എന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.