നടന്നു നടന്നു കിതച്ച് സുരേഷ് ഗോപി, വീശി കൊടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍; ട്രോളുകളില്‍ നിറഞ്ഞ് ബിജെപിയുടെ പദയാത്ര
പദയാത്ര പത്ത് കിലോമീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും സുരേഷ് ഗോപി അടക്കമുള്ളവര്‍ കിതച്ചു തളര്‍ന്നു
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്ര ട്രോളുകളില്‍ നിറയുന്നു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പദയാത്ര നടത്തിയത്. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ സഹകരണ ബാങ്ക് വരെ നടത്തിയ പദയാത്ര 18 കിലോമീറ്റര്‍ ദൂരം താണ്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പദയാത്രയില്‍ പങ്കെടുത്തിരുന്നു.
പദയാത്ര പത്ത് കിലോമീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും സുരേഷ് ഗോപി അടക്കമുള്ളവര്‍ കിതച്ചു തളര്‍ന്നു. സുരേഷ് ഗോപി നടക്കാന്‍ ബുദ്ധിമുട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാത്രമല്ല ഒരു ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് ഗോപിക്ക് വീശി കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പദയാത്ര പകുതി ദൂരം പിന്നിടുമ്പോഴേക്കും അണികളുടെ എണ്ണം കുറഞ്ഞു. നടക്കാന്‍ ബുദ്ധിമുട്ടി പലരും പാതിവഴിയില്‍ പദയാത്ര ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയായിരിക്കും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബിജെപി തൃശൂരില്‍ പദയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ തവണ ശക്തമായ മത്സരമാണ് സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചതെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.