തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് നൽകിയ ജാമ്യഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പുകളുടെ ആവശ്യം ഇല്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ സ്വപ്‌ന വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം സ്വപ്‌ന ഉന്നതകേന്ദ്രങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും ഇവർ വെളിയിൽ പോവുകയാണെങ്കിൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്‌ന സുരേഷിനുണ്ടെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌നക്കെതിരെ കസ്റ്റംസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.