ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയും ജീവനക്കാരിയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി പള്ളിക്കല്‍, ദിവ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലെ മാനേജറാണ് ദിവ്യ. ചടയമംഗലം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ 10:00 മണിയോടു കൂടിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയിലെ മറ്റ് ജീവനക്കാര്‍ കട തുറക്കാനായി എത്തിയപ്പോഴാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ പിന്നിലുള്ള കാരണമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയാണ് മരണപ്പെട്ട അലി. കൊല്ലം സ്വദേശിയായ ദിവ്യ ഷോപ്പിലെ മാനേജരാണ്. ഒരു വര്‍ഷമായി ആയൂരില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ദിവ്യ വീട്ടില്‍ എത്തിയിരുന്നില്ല. കടയിലെ സ്റ്റോക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ദിവ്യ ഇങ്ങനെ വീട്ടില്‍ നിന്നും ഇടയ്ക്ക് മാറിനില്‍ക്കുന്നത് പതിവാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കടയ്ക്കുള്ളില്‍ 2 ഫാനുകളിലായാണ് 2 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തീനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ചടയമംഗലം പോലീസ് അന്വേഷണം തുടരുകയാണ്.