ചടയമംഗലം: രണ്ട് മാല മോഷ്ടാക്കളെ പിന്തുടര്‍ന്ന പോലീസ് നാല്‍പ്പതോളം കിലോമീറ്റര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി. പത്തനംതിട്ട കൂടലില്‍ നിന്ന് ഒരു സ്ത്രീയുടെ മാലയാണ് തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് സ്വദേശി കാശിനാഥ്, കടയ്ക്കാവൂര്‍ സ്വദേശി അജിത് എന്നിവര്‍ കവര്‍ന്നു കടന്നുകളഞ്ഞത്. കൂടലില്‍ നിന്ന് മാല പൊട്ടിച്ച് രണ്ട് പേര് ബൈക്കില്‍ രക്ഷപ്പെട്ടു എന്നാണു പൊലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് പോലീസ് എം.സി റോഡ് വഴിയുള്ള എല്ലാ സ്ഥലത്തും വാഹന പരിശോധന കര്‍ക്കശമാക്കി.
രണ്ട് പേരും വന്ന ബൈക്ക് ആയുര്‍ ഭാഗത്തു വന്നതായി പോലീസ് മനസിലാക്കി. തുടര്‍ന്ന് ചടയമംഗലം പോലീസ് എസ.ഐ ശരത്‌ലാലും സംഘവും എം.സി റോഡില്‍ കാത്തുനിന്നു. എന്നാല്‍ പ്രതികള്‍ എം.സി.റോഡിലെ പഴയ റോഡിലൂടെ രക്ഷപ്പെടുകയും പോലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ ഇവര്‍ നേട്ടത്തറ പാറമട ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ പോലീസും പിന്നാലെ പാഞ്ഞു. പാറമടയ്ക്കടുത്ത വെള്ളക്കെട്ടില്‍ ഇവര്‍ വീണതായി സംശയിച്ച പോലീസ് അഗ്‌നിശമന സേനയുമായി തെരച്ചില്‍ നടത്തി. എന്നാല്‍ പിന്നീട് കുറ്റിക്കാട്ടില്‍ ഇവര്‍ ഒളിച്ചതായി മനസിലാക്കിയെങ്കിലും പിടികൂടാനായില്ല. കടയ്ക്കല്‍, അഞ്ചല്‍ ഭാഗത്തെ പോലീസും ഇവരുടെ സഹായത്തിനെത്തി. രാത്രിയില്‍ ഇവര്‍ പുറത്തുവന്നേക്കാം എന്ന കണക്കുകൂട്ടലില്‍ പോലീസ് പ്രദേശ വാസികള്‍ക്ക് വിവരം നല്‍കി.
സംശയകരമായ രണ്ട് പേര് കെ.എസ് ആര്‍.ടി.സി ബസ്സില്‍ കയറി ആയൂരിലേക്ക് പോയതായി മനസിലാക്കിയ പോലീസ് ബസ്സിനെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ ബസ്സില്‍ നിന്ന് ചാടി ടൗണിലൂടെ ഓടി. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ സാഹസികമായി പിടികൂടുകയും ചെയ്തു.