കൊല്ലം : ക്ഷേത്രവിഗ്രഹത്തിലെ സ്വർണ്ണാഭരണ കവർച്ചയുമായി ബന്ധപ്പെട്ടു ക്ഷേത്രത്തിൽ സ്ഥിരം പൂണ്ടാരിക്ക് പകരക്കാരനായി പൂജ ചെയ്യാനെത്തിയ ആളും കൂട്ടാളിയും പോലീസ് പിടിയിലായി. തേവലക്കര കോയിവിള ഊരകത്ത് ക്ഷേത്രത്തിലാണ് വിഗ്രഹത്തിൽ ചാർത്തുന്ന 3 പവൻ്റെ രണ്ടു മാലകൾ മോഷണം പോയത്.
മോഷണമായി ബന്ധപ്പെട്ട് സ്ഥിരം പൂജാരി മഹേഷിനു പകരക്കാരനായി വന്ന കരുനാഗപ്പള്ളി ആദിനാട് കരിച്ചാലിൽ തെക്കതിൽ വിഷ്ണു (29), സുഹൃത്ത് കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി.മാർക്കറ്റ് തുപ്പാശേരിൽ ദീപു (31) എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിൻ്റെ പിടിയിലായത്.
പതിനൊന്നാം തീയതിയാണ് പകരക്കാരനായി വിഷ്ണു എത്തി പൂജ കഴിഞ്ഞു മടങ്ങിയത്. എന്നാൽ 15 ന് മഹേഷ് എത്തിയപ്പോൾ സ്വർണ്ണ മാലകൾ കാണാനില്ലെന്നറിഞ്ഞതോടെ ക്ഷേത്രം സെക്രട്ടറി പോലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിലാണ് വിഷ്ണവും ദീപവും കുടുങ്ങിയത്. പതിനൊന്നിനു രാത്രി ഇരുവരും ചേർന്ന് ശ്രീകോവിലിൻ്റെ വാതിൽ പൊളിച്ചു അകത്തു കടന്നാണ് മാലകൾ കവർന്നതെന്നു പ്രതികൾ സമ്മതിച്ചു. ഇതിൽ ഒരു മാല വിൽക്കുകയും മറ്റേത് പണയം വയ്ക്കുകയും ചെയ്തതായും കണ്ടെത്തി. തെക്കുംഭാഗം പോലീസ് ഇൻസ്പെക്ടർ എസ് ശ്രകമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്