തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട് സ്വദേശികളായ വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ രണ്ടര വയസ്സുകാരന്‍ ഋതിക് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം നടന്നത്.
പുതുക്കുളങ്ങര പാലത്തിനു സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ പാലത്തിനു സമീപത്തെ കുറ്റിയിലിടിച്ച് മറയുകയായിരുന്നു. പിന്‍വശത്തിരുന്ന കുഞ്ഞ് തെറിച്ച് പുറത്ത് വീഴുകയായിരുന്നു.
പിന്നാലെ കുട്ടിയുടെ മുകളിലേക്ക് കാര്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.