മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങിവന്ന് സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം, രാജിയാണ് ഉത്തമം; തോമസ് ചാണ്ടിയോട് ഹൈക്കോടതി
സര്‍ക്കാരിനു നിങ്ങളെ വിശ്വാസമില്ല, ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങിവരണമെന്ന് തോമസ് ചാണ്ടിയോട് ഹൈക്കോടതി
ഭൂമി കൈയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ദന്തഗോപുരങ്ങളില്‍ നിന്നും ഇറങ്ങിവന്ന് സാധാരണ മനുഷ്യനെപോലെ നിയമത്തെ നേരിടാനാണ് ഹൈക്കോടതി തോമസ് ചാണ്ടിയോട് പറഞ്ഞിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരുന്ന വിഷയത്തിലാണ് ഹൈക്കോടതിയുടെ ഈ വിധി.
സംസ്ഥാന സര്‍ക്കാരിനു മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്. മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങി വന്ന് നിയമത്തെ നേരിടണമെന്നും രാജിയാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിസഭയില്‍ തുടരാന്‍ തോമസ് ചാണ്ടിക്ക് അര്‍ഹതയില്ലെന്നും കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ലെന്നും ഉച്ചയ്ക്ക് മുന്നേ കോടതി വ്യക്തമാക്കിയിരുന്നു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു.
നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഈ ഹർജി. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നു. മന്ത്രിസഭാ തീരുമാനത്തെ ചേദ്യം ചെയ്യുന്നത് അപക്വമായ നടപടിയെന്നു കോടതി ചൂണ്ടിക്കാട്ടി. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്.
രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തു തന്നെ ശബ്ദമുയര്‍ന്നിട്ടും മന്ത്രിയെ പുറത്താക്കാന്‍ സാധിക്കാത്തതില്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടിവരും. രാജി വെയ്ക്കുകയല്ലാതെ മറ്റൊരു തീരുമാനം തോമസ് ചാണ്ടിക്കും സര്‍ക്കാരിനും മുന്നിലില്ലെന്ന സാഹചര്യമാണിപ്പോള്‍.