Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല: അരുൺ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് തോമസ് ഐസക്

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല: അരുൺ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ച് തോമസ്  ഐസക്
, ശനി, 24 ഓഗസ്റ്റ് 2019 (15:58 IST)
ബിജെപി നേതൃനിരയിൽ അരുൺ‌ ജെയ്‌റ്റ്‌ലി തികച്ചും വ്യത്യസ്തനായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവികൊടുത്തിരുന്നു എന്നും തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി കൗൺസലിൽ അരുൺ‌ ജെയ്റ്റ്‌ലിയുമൊത്തുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്   
 
പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലി. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നു. പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. തോമസ് ഐസക്ക് കുറിപ്പിൽ വ്യക്തമാക്കി
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 
 
പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തൻ. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌൺസിലിൽ ഞാൻ നേരിട്ടു മനസിലാക്കിയിരുന്നു. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നു.
 
പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു.
 
ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്. ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് ഉദാഹരണം. പല ബിജെപി നേതാക്കളുടെയും താൽപര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌൺസിൽ കൈക്കൊണ്ടത്. സമവായത്തിന് പ്രാധാന്യം നൽകിയ ജെയ്റ്റ്ലിയുടെ നിലപാടു മൂലമാണ് ആ തീരുമാനമുണ്ടായത്.
 
വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്. ആ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കുഞ്ഞിനെ ആവശ്യപ്പെട്ട് ആശുപത്രിയില്‍ ബഹളം, നഴ്‌സിനെ കയ്യേറ്റം ചെയ്‌തു; ഭര്‍ത്താവും സുഹൃത്തും അറസ്‌റ്റില്‍